പത്രോസ് അപ്പച്ചനെ പറ്റി ഒരു കഥ എഴുതണം എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു.അതെ ,തീര്‍ച്ചയായും അത് "ആയിരുന്നു" എന്നതില്‍ എപ്പഴും അവസാനിച്ചു.എന്റെ എല്ലാ കഥകളും എന്നത് പോലെ ,എന്റെ മനസ്സിലെ നിഗൂഡമായ ഒരിടത്ത് അത് ഉണരുകയും അസ്തമിക്കുകയും ചെയ്തു.പക്ഷെ കോളേജ് കളില്‍ അഡ്മിഷന്‍ ശരിയാകാതെ വരികയും ,വീട്ടില്‍ ഒരു വല്ലാത്ത ഒരേകാന്തത എനിക്ക് ചുറ്റും പ്രത്യക്ഷമാകാനും തുടങ്ങിയപ്പോള്‍ പത്രോസ് അപ്പച്ചനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ശക്തമാകാന്‍ തുടങ്ങി.
ഇന്നലെ വൈകുന്നേരം ജനലക്കടുത്ത്
മഴപെയ്യുന്നത് നോക്കി ഇരുന്നപ്പോള്‍ പള്ളിയുടെ തൊട്ടടുത്തുള്ള എന്റെ വീടിന്റെ മുന്‍പിലൂടെ
പത്രോസ് അപ്പച്ചന്‍ നടന്നു പോകുന്ന കാലടി ശബ്ദം വ്യക്തമായി കേള്‍ക്കാന്‍
തുടങ്ങി.വളരെ സാവധാനമാണ് അയാള്‍ നടന്നിരുന്നത്.ചെരിപ്പുകള്‍ നിലത്തുരയുന്ന ശബ്ദം
കേള്‍പ്പിച്ച് അയാള്‍ എവിടെയാണ് പോകുന്നത് എന്ന് അറിയാനുള്ള ആഗ്രഹം എന്റെ ആറാമത്തെ
വയസ്സില്‍ ഇലഞ്ഞി പൂക്കളെ കുറിച്ചുള്ള ഓര്‍മയില്‍ ഏതോ ഒരു പുലര്‍ച്ചെ കണ്ണ്
തുറന്നു കിടന്നപ്പോഴാണ് ആരംഭിച്ഛത്.
പള്ളിയുടെ
പിന്നില്‍ ,സെമിത്തെരിയോട്
ചേര്‍ന്ന് ,നിറയെ
ഇലകളുമായി ,അവക്കിടയില്‍
കൊച്ചു പൂക്കളെ പ്രേത കണ്ണുകളില്‍ പെടാതെ ഒളിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ആ അമ്മ
മരത്തിനോടുള്ള എന്റെ ആഗ്രഹം അടക്കാനാവാതെ വളരാന്‍ തുടങ്ങിയതും അപ്പോള്‍ തന്നെ
ആണ്.ഞായറാഴ്ച്ചകളില്‍ കുര്ബാനക്കും വേദപാഠം ക്ലാസ്സ് കള്‍ക്കും ഇടയിലുള്ള സമയം
ഇലഞ്ഞി മരത്തിനടുത്ത് ഇരിക്കാനോ -സമാധാനത്തോടെ പൂക്കള്‍ പെറുക്കി എടുക്കുവാനോ
മതിയാകാതെ വന്നിരുന്നു.
പത്രോസ്
അപ്പച്ചന്റെ കാലടി ശബ്ദം കേള്‍ക്കുന്ന പുലര്‍ച്ച്ച്ച കളില്‍ അമ്മച്ചി അപ്പച്ചനോട് "അയാള്‍
ശവമടക്കാന്‍ പോകുന്നു "എന്നൊരു വാചകം പറയുമായിരുന്നു.അപ്പോഴെല്ലാം
സ്മപ്രായക്കരോളം ഉറക്കം ഇല്ലാത്ത ഞാന്‍ ഉണര്‍ന്നു കിടക്കുകയും അത് കേള്‍ക്കുകയും
ചെയ്യും.ആ കേള്‍വി എന്റെ ഉള്ളില്‍ അന്ന് പകല്‍ മുഴുവന്‍ ചിന്തയുടെ ഒരു മെഴുകുതിരി കൊളുത്തുകയും സൂര്യന്‍
മരഞ്ഞുകഴിയുമ്പോള്‍ കേട്ട് പോവുകയോ ചെയ്യും.
ഒരു ഞായറാഴ്ച്ച പള്ളിയില്‍ നിന്ന്
രണ്ടാം ക്ലാസ്സ് ലെ വേദ പാഠം കഴിഞ്ഞു വല്യമാട്ടിലെ സാറയുടെ കൂടെ നടന്നു
വീട്ടിലേക്ക് പോവാന്‍ തുടങ്ങി.അന്ന് ആദ്യമായി അതുവരെ ഞാന്‍ പള്ളിയില്‍ കാണാത്ത
ഒരാള്‍ എനിക്ക് നേരെ പുഞ്ചിരി തൂകി .എന്റെ അരിപപല്ലുകള്‍ മുഴുവന്‍ കാണാന്‍
പറ്റുന്ന വിധത്തില്‍ ഞാനും ഒരു ചിരി സമ്മാനിച്ചു.
"മോള്‍ടെ പേരെന്താ?"
"എന്റെ പേര് അന്നമ്മ ന്നാ.."
"നല്ല പേരാണ് ട്ടോ.എന്റെ പേര് പത്രോസ്
"
ആ പേര് കേട്ടപ്പോള്‍ എന്റെ പേര് പറയണ്ടായിരുന്നു എന്ന് എനിക്ക്
തോന്നി.
"ഞാന്‍ പോവാ..വാ സാറാമ്മേ.."
ഞാന്‍ സാറയുടെ കയ് പിടിച്ച് ഓടാന്‍ തുടങ്ങി.പലതവണ
കല്ലില്‍ തട്ടി കാലു മുറിഞ്ഞിട്ടും ഞാന്‍ ഓടി.
എന്റെ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഒരസാമാന്യ ഗൌരവം
മുഖത്ത് വരുത്തി,എന്റെ
കൊന്തകളില്‍ ഒന്ന് കഴുത്തില്‍ ഇട്ട കൊടുത്തുകൊണ്ട് സാറയോട് ഇങ്ങനെ പറഞ്ഞു.
"പേടിക്കണം.ഒറ്റക്ക് ശവം അടക്കുന്ന
ഭീകരന്‍ അയാളാ .." സാറ പോയിട്ടും എന്റെ ചിന്തകള്‍ പോയില്ല.
ഞാന്‍ ആലോചിച്ചു..
"അയാള്‍ നല്ല വസ്ത്രം ആണ്
ധരിച്ചിരുന്നത്.പല്ലുകള്‍ക്ക് വെളുത്ത നിറം ആയിരുന്നു.മുടി ചീവിയത് ആണ്.എന്റെ
അപ്പനും ആയാലും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലായിരുന്നു.സാറയോട് ഭീകരന്‍
എന്ന് പറഞ്ഞത് മോശം ആയോ..?"
സാധാരണ പോലെ എന്റെ
ചിന്തയുടെ മെഴുകുതിരി അന്ന് കേട്ട് പോയില്ല.ഉറക്കത്തെ കണ്ണുകളില്‍ വരന്‍
സമ്മതിക്കാതെ "എന്റെ പേര് പത്രോസ്
"എന്ന വാചകം തലയില്‍ കിടന്നു കറങ്ങി.കറക്കത്തില്‍ എപ്പോഴോ..വീണ്ടും ഞാന്‍
കാലടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.അപ്പച്ചന്‍ അമ്മച്ചിയോട് എന്തോ പറയുന്നു.ഞാന്‍
ചെവി കൂര്‍പ്പിച്ച് പിടിച്ചു.
അപ്പച്ചനും
അമ്മച്ചിയും അപ്പുറത്തെ മുറിയില്‍ ആയത് കൊണ്ട് ചുമരില്‍ ചേര്‍ന്ന് നിന്നപ്പോഴാണ്
സംഭാഷണം എനിക്ക് വ്യക്തമായത് .
"
പുലര്‍ച്ച
ആണോടീ ?"
"ആ ..മണി മൂന്ന്
ആയി.."
"വയറ്റിലൊരു കൊച്ചിനേം
ഇട്ടോണ്ട് നീയിങ്ങനെ ഉറങ്ങാണ്ട് ഇരിക്കുന്നത് നല്ലതിനല്ല."
"പത്രോസ് പോകുന്ന ഒച്ച
കേട്ടാല്‍ പിന്നെ എനിക്ക് ഉറക്കം വരില്ല."
"ഉം..കവളങ്ങാട്ടെ മേരി
മരിച്ചില്ലേ ,അത്കൊണ്ട് അവന്‍
പോതുകല്ലറയിലെ ശവം കുത്താന്‍ പോകുന്നതാ.."
"അപ്പോള്‍ ഇന്നാള്
ചത്ത ജോസഫ് ന്റെ അടക്ക് ശരിക്കും ഇന്നാണ് അല്ലെ ?"
"ആ ഇന്ന്
...തന്നെ. ..കാലത്തേ ഇനി ഇപ്പൊ മേരീ ന്റെ അടക്കിന് പോകണമല്ലോ..!"
(അടക്ക് -ശവസംസ്കാരം)
എന്റെ നെഞ്ചില്‍
നിന്നാരംഭിച്ച ഞെട്ടല്‍ തലയിലേക്കും കാലിലേക്കും പടര്‍ന്നു.
പത്രോസ് എന്തിനാണ് ശവത്തിനെ കുത്തുന്നത് ?
ശവത്തിനെ കുത്തിയാല്‍ പത്രോസിനെ പ്രേതം
പിടിക്കില്ലേ..?
ഇന്നാളു മരിച്ച ജോസഫിനെ അടക്കാന്‍ എല്ലാരും
പോയതാണല്ലോ..
ഇന്നെന്തിനാ അയാളെ വീണ്ടും അടക്കുന്നത്?
അപ്പൊ അയാള്‍ മരിച്ചില്ലേ..?
അപ്പച്ചന്‍ അതെങ്ങനെ മനസ്സിലാക്കി?
അപ്പച്ചനും ആയാലും പാപം ചെയ്യുന്നുണ്ടോ?
അമ്മച്ചീന്റെ വയറ്റില്‍ എന്തിനാ കൊച്ചിനെ
ഇട്ടത് ?
എന്നെ കൊക്കുകള്‍ കൊണ്ടേ കൊടുത്തതാണെന്ന്
അമ്മച്ചിയല്ലേ പറഞ്ഞത്..?
അപ്പൊ അമ്മച്ചീടെ വയറ്റില്‍ എന്താ കൊച്ച്?
ഇനിയിപ്പോ കൊക്ക് കൊടുത്ത കൊച്ചിനെ അമ്മച്ചി
തിന്നോ..?
അതാണോ അമ്മച്ചിക്ക് ഉറക്കമില്ലാത്തതും ശര്‍ദിക്കാന്‍
വരുന്നതും?
കാലടി ശബ്ദം അകന്നകന്ന്
പോവുകയാണ്.എന്തോ ഭയങ്കരമായത് സംഭവിക്കാന്‍ പോകുന്നു.എന്റെ മനസ്സിന്റെ അള്‍ത്താരയില്‍ ഞാന്‍
ബൈബിള്‍
വായിക്കാന്‍ തുടങ്ങി.പള്ളീല്‍ വേദ പഠനം ക്ലാസ്സ് ല്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍
കര്‍ത്താവ് എന്നോട് പറയാന്‍ തുടങ്ങി.
സങ്കീര്‍ത്തനം ഇരുപത്തിനാലാം അധ്യായം ആറാം
വാക്യം..
"ഇതാകുന്നു അവനെ
അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ."
എന്താണ് ഇവിടെ നടക്കുന്നത്
എന്ന് നീ അന്യോഷിക്കണം എന്നാണ് കര്‍ത്താവ് പറയുന്നത്.
എന്റെ മനസ്സില്‍ ഒരു പേടി ഉണ്ടാകാന്‍ തുടങ്ങി..
ബൈബിള്‍ വീണ്ടും വാക്യങ്ങളുമായി വിടര്‍ന്നു..
"ഒരു സൈന്യം
എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു
യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും."
രണ്ടും കല്പിച്ച് ഞാന്‍
അടുക്കളയുടെ കൊച്ച് വാതില്‍ ശബ്ദമില്ലാതെ തുറന്നു.
പള്ളിയിലേക്ക് ...ശബ്ദം
ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച് പത്രോസ് ന്റെ പിന്നാലെ നടന്നു.
ഞങ്ങളുടെ
പള്ളി രണ്ട് നിലകള്‍ ആയാണ് പണിതിരിക്കുന്നത്.രണ്ടാം നില കണ്ടാല്‍,മുന്‍പില്‍ നിന്ന് പള്ളിയില്‍ കടക്കുന്നവര്‍ക്ക് ഒറ്റ നിലയുള്ള പള്ളിയാണ്
എന്നേ തോന്നു.വശങ്ങളില്‍ നിന്ന് കണ്ടാലേ രണ്ട് നിലയാണ് പള്ളി എന്ന് മനസിലാക്കാന്‍
കഴിയൂ .
മുകളിലെ നിലകളില്‍ ആണ് അച്ഛന്റെ മുറിയും കപ്യരുമാര്‍ വസ്ത്രം മാറുന്ന സ്ഥലവും പള്ളിയുടെ പ്രധാന
ഭാഗങ്ങളും ഉള്ളത്.പള്ളിയുടെ താഴെയുള്ള നിലയിലാണ് ഭക്ഷണം കഴിക്കുന്ന ഹാളും ക്ലാസ്സു
കളും ഉള്ളത്.പ്രധാനഭാഗത്തെ വാതില്‍ മുന്‍പിലും,താഴെ
നിലകളിലേക്ക് ഉള്ളവ വലതും വശത്തും ആയി ക്രമീകരിച്ചിരിക്കുന്നു.
പത്രോസ്
ന്റെ പിന്നാലെ ശബ്ദമുണ്ടാതെ വെറും മൂന്നടി മാത്രം ഉയരമുള്ള ഞാന്‍ ഒളിച്ച്
നടക്കുകയാണ്.എന്തിനെന്നു ചോദിച്ചാല്‍ എന്തോ പാപം കണ്ടുപിടിക്കാന്‍..ചെകുത്താന്റെ
കൂട്ടാളികള്‍ ശിക്ഷിക്കപെടാന്‍.പത്രോസ് പള്ളിയുടെ മുന്‍പില്‍ എത്തിയപ്പോള്‍
വിശാലമായ നടുമുറ്റത്ത് വലിയ മെര്‍ക്കുറി വെളിച്ചത്തില്‍ ഒന്ന് നിന്നു .അയാള്‍
തിരിയുകയില്ല എന്ന് കരുതിയ എനിക്ക് തെറ്റി.തിരിഞ്ഞ് ഞാന്‍ നില്‍ക്കുന്ന
ഭാഗത്തേക്ക് നോക്കി.
ഞാനപ്പോള്‍ തല മാത്രം ഗേറ്റ്
ല്‍ വെച്ച് മതിലില്‍ ശരീരം ഒളിപ്പിച്ച് നില്‍ക്കുകയായിരുന്നു.
"കണ്ടു...ഇപ്പൊ
എന്നെ വന്നു പിടിക്കും.ചെകുത്താന് കൊടുക്കും.എന്റെ ചോരയും കുടിക്കും."
തലകൂടി ഭിത്തിയുടെ
പിന്നിലേക്ക് ഞാന്‍ വലിച്ചു.സങ്കീര്‍ത്തനം ഇരുപത്തിഎഴാം അധ്യായം ഒന്‍പതാം വാക്യം..
"നിന്റെ മുഖം
എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ;
നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ
ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ."
ആ വാചകം ഒരു നാല് തവണ
പറഞ്ഞു.അതിന്റെ ധൈര്യത്തില്‍, അയാള്‍ വന്നാല്‍ ഓടിക്കളയാം എന്ന
ഉദ്ദേശത്തോടെ ഒന്ന് കൂടി നോക്കി.
അത്ഭുതം..അയാള്‍ എന്നെ
കണ്ടില്ല..അയാള്‍ നടക്കാന്‍ തുടങ്ങിയിരുന്നു.ഗേറ്റ് ന്റെ നിഴല്‍ എന്നെ
രക്ഷിച്ചിരുന്നു.ഞാന്‍ കൊന്തയില്‍ മുറുക്കെ പിടിച്ചു.
"പരിശുദ്ധ മറിയമേ
നിനക്ക് സ്വസ്തി..സ്ത്രീകളില്‍ നീ.."
സങ്കീര്‍ത്തനം തൊണ്ണൂറാം അധ്യായം ഒന്നാം വാക്യം..
"കർത്താവേ,
നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;"
ദൈവം എന്റെ ഒപ്പം ആണ്
എന്നെനിക്ക് ഉറപ്പായി..ആ ധൈര്യം ബൈബിള്‍ വാക്യങ്ങളെ മറച്ചു കളഞ്ഞു.
അയാള്‍ പള്ളി
സെമിതെരിയിലേക്ക് നടക്കും എന്ന് കരുതിയ എനിക്ക് തെറ്റി.അയാള്‍ പള്ളിയുടെ നിഴല്‍
മൂടിയ ഇടതുവശതെക്ക് ആണ് നടന്നുകൊണ്ടിരുന്നത്.ആ നിഴലില്‍ അയാള്‍ അലിഞ്ഞ് ചേര്‍ന്നപ്പോള്‍
,ഞാന്‍ ഗേറ്റ് നോട് ചേര്‍ന്ന് നില്‍ക്കുന്ന ബദാം മരത്തിന്റെ മറപറ്റി
പള്ളിയുടെ ഇടത് വശത്തേക്ക് നടക്കാന്‍ തുടങ്ങി.വലിയ മെര്‍ക്കുറി വെളിച്ചം
ശരീരത്തില്‍ വീണാല്‍ പൊള്ളുമെന്ന ഭാവത്തില്‍ നിഴലുകളില്‍ മാത്രമാണ് ഞാന്‍
നടക്കുന്നത്.
ഇരുള്‍ കനത്തു നിന്ന വഴിയിലൂടെ ,
ചെടിപ്പടര്‍പ്പുകള്‍ ക്ക്
ഇടയിലൂടെ പള്ളിയുടെ ഇടത് വശത്തേക്ക് നടന്നപ്പോള്‍ എനിക്ക് മനസ്സിലായി,ചെടികള്‍ പടര്‍ന്നു കിടക്കുന്നത് ഒരു
കാറിന് പോകാന്‍ വീതിയുള്ള സിമന്റ് ഇട്ട വഴിയിലൂടെ ആണ് എന്ന്.ഞാന്‍ ഒരു സ്ഥലത്ത്
നിന്ന് കാര്യങ്ങള്‍ വീക്ഷിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ നില്‍ക്കുന്ന
സ്ഥലത്ത് നിന്ന് നോക്കിയാല്‍ പള്ളിയുടെ ഇടതുവശം മുഴുവന്‍ കാണാം.ഞാനവിടെ നില്പ്
ഉറപ്പിച്ച് രണ്ടുനിമിഷം കഴിഞ്ഞപ്പോള്‍ പള്ളിയുടെ ഇടതു വശം ഒരു വലിയ ബള്‍ബിന്റെ
പ്രകാശം കൊണ്ട് നിറഞ്ഞു.
"ടോര്‍ച്ച് ആണോ..? " സംശയം..
അല്ല..അത് ബള്‍ബ് ഇട്ടതാണ്.ബള്‍ബിന്റെ പ്രകാശത്തെ ഭയന്ന്
ഇരുള്‍ പിന്നോട്ട് പിന്നോട്ട് നീങ്ങി വന്ന് എന്റെ അടുത്ത് ഇരിപ്പ് ഉറപ്പിച്ചു.
എന്തിനാണ് ലൈറ്റ് ഇട്ടത് ?
ഇനിയിപ്പോ എന്നെ കണ്ടോ..?
ഭയങ്കരമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്ന പോലെ കാറ്റ്
അടിക്കാന്‍ തുടങ്ങി.ശ്വാസം എടുക്കാന്‍ പോലും എന്നെ അനുവദിക്കാത്ത അത്രയും
പിരിമുറുക്കം അന്തരീക്ഷത്തിലേക്ക് ലയിച്ച് ,
ഇരുളിനോടൊപ്പം ചേര്‍ന്ന് എന്നെ നോക്കി.കാറ്റില്‍
ഇലഞ്ഞിപ്പൂക്കളുടെ മണം .അല്ല-ഇലഞ്ഞിപ്പൂക്കള്‍ മഴവെള്ളത്തില്‍ കിടന്ന് ചീഞ്ഞതിന്റെ
ദുര്‍ഗന്ധം.
ഇരുളിനെ കീറിമുറിച്ച് കൊണ്ട് ,ഒരു കരച്ചില്‍ അന്തരീക്ഷത്തില്‍ വിലയം
പ്രാപിച്ചു.എന്റെ രോമങ്ങള്‍ ശരീരത്തോട് ഒട്ടിനില്‍ക്കാന്‍ ഭയന്ന് കുളിര്‍ കയറിയ
രോമ കൂപങ്ങളില്‍ പേടിച്ച് വിറച്ച് എഴുന്നേറ്റ് നിന്നു.ആ കരച്ചില്‍ ഉണ്ടായത്
പള്ളിയുടെ അടിയിലെ നിലയില്‍ മണ്‍ ഭിത്തിയോട് ചേര്‍ന്ന ഭാഗത്ത്
നിന്നായിരുന്നു.ഞാനവിടെക്ക് കണ്ണെടുക്കാതെ നോക്കി.എന്റെ തലച്ചോര്‍ ക്ഷമയും ധൈര്യവും
നശിച്ച് എന്നോട് ഓടി രക്ഷപെടാന്‍ പറഞ്ഞു.
പക്ഷെ...,
എന്റെ കണ്ണുകളോ ,കാലുകളോ, എന്തിനു..ഹൃദയം
പോലും അനങ്ങിയില്ല.വീട്ടില്‍ നിന്നിറങ്ങിയ നിമിഷത്തെ ശപിച്ച് എന്ത് പാപം
സംഭവിച്ചാലും സാരമില്ലായിരുന്നു എന്ന്‍ ഞാന്‍ എന്നോട് തന്നെ പറയാന്‍ തുടങ്ങി..
"ഹോ... ഞാനെന്തൊരു മണ്ടി..."
പള്ളിയുടെ മണ്ണ് ഭിത്തിയോട് ചേര്‍ന്ന്
എനിക്കഭിമുഖമായി ഒരു ഇരുമ്പിന്റെ ഷട്ടര്‍ ഉണ്ടായിരുന്നത് ഞാനിപ്പോഴാണ്
ശ്രദ്ധിച്ചത്.പത്രോസ് അതുയര്‍ത്തിയ ശബ്ദമാണ് ഞാന്‍ കേട്ടത്.എന്റെ തോന്നലും
തിരിച്ചറിവും തീര്‍ന്നിട്ടും ഷട്ടര്‍ മുഴുവന്‍ ഉയര്‍ന്നിരുന്നില്ല .അത് ചെറുതായി
ഒന്നുകൂടി ഞെരങ്ങി അമര്‍ന്നു. ഷട്ടറിന്റെ ഉള്ളിലൂടെ പത്രോസ് അകത്തേക്ക് നടന്നു
കയറി.ഉള്ളില്‍ എന്തൊക്കെയോ ഇടിക്കുകയും തിരിക്കുകയും ചെയ്യുന്നു.
"പത്രോസ് അവിടെ
എന്താണ് ചെയ്യുന്നത്..?"
ആരാണത് ചോദിച്ചത് ?
ഞാന്‍ ചുറ്റും
നോക്കി.ആരും ഇല്ല.
ഞാന്‍ എന്നോട് തന്നെ
ചോദിച്ചതായിരിക്കും.
പതുക്കെ ഷട്ടര്‍ ന്റെ
ഉള്ളിലേക്ക് കൂസലില്ലാതെ നടന്നു.ഷട്ടര്‍ ന്റെ ഉള്ളില്‍ കയറിയപ്പോള്‍ കൂസല്‍ വന്നു.
പേടി വളര്‍ന്നു.
വളരെ വലിയ ഒരു ഹാള്‍ ആയിരുന്നു അത്.
ഹാളിന്റെ ഒരു വശം പള്ളിയുടെ ഭിത്തി ആയിരുന്നു. പക്ഷെ അതിന്റെ മറുവശം മണ്ണിന്റെ
ഭിത്തിയയിരുന്നു .
ആ ഭിത്തിയില്‍
പത്തിരുപത് ചതുരകള്ളികള്‍.എല്ലാ കള്ളികളും അടച്ചിരിക്കുന്നു.
തേനിച്ചയുടെ അറകള്‍
പോലെ..
ഓരോ അറയിലും അടപ്പ്.ആ
അടപ്പില്‍ വാടിക്കരിഞ്ഞ റോസാപ്പൂവുകള്‍ .
എന്തോ മന്ത്രവാദ സ്ഥലം
ആണിത് എന്ന് ഞാന്‍ ഉറപ്പിച്ചു.
നീളമുള്ള ഹാള്‍ ല്‍
രണ്ടുമൂന്നു വലിയ മേശകള്‍ അടുക്കി ഇട്ടിട്ടുണ്ടായിരുന്നു.
ആ മേശകളുടെ
അടിയിലേക്ക് ഞാന്‍ നുഴഞ്ഞു കയറി ഇരിപ്പുറപ്പിച്ചു . മുറിയുടെ
അങ്ങേ അറ്റത്ത് ,ഭിത്തിയിലെ
ചതുരക്കള്ളിക്ളില്‍ ഒന്നിലെ വാടിയ പൂക്കള്‍ പത്രോസ് പെറുക്കി
കയ്യിലെടുത്തു.പൂക്കള്‍ ഇടാതെ കയ്യില്‍ പിടിച്ച് ശ്രദ്ധയോടെ ചതുരക്കള്ളി താക്കോല്‍
ഇട്ട് തുറന്നു.
ഈ കൃത്യമെല്ലാം ശ്വസമിറക്കാതെ
കണ്ടുകൊണ്ടിരുന്ന എന്നെ തേടി അത് എത്തിച്ചേര്‍ന്നു.
"ഭയങ്കരമായ ദുര്‍ഗന്ധം
"...പത്രോസ് ആ കള്ളി തുറക്കാന്‍ കാത്തിരുന്നത് പോലെ അതവിടെ അക്ഷമയോടെ
ഇരിക്കുകയായിരുന്നിരിക്കണം.ഇന്നലത്തെ എല്ലും കപ്പയും എന്റെ വായിലേക്ക് പുളിച്ച്
തികട്ടി.വായിലൂടെ ഊറിവന്ന പുളിയും എരിവുമുള്ള വെള്ളവും നിശ്വാസവും കൂടി ഞാന്‍
പൊത്തിപ്പിടിച്ചു. .ജീവിച്ചിരിക്കുന്ന
മിടിക്കുന്ന ഹൃദയമുള്ള ഒരാത്മാവിന്റെ സാന്നിധ്യം പത്രോസ് അറിയുന്നത് പോലെ
തോന്നി.എനിക്ക് ഒന്ന് തുപ്പണം.പക്ഷെ...പേടി..
ഞാന്‍ വായില്‍
തികട്ടി വന്നത് ഇറക്കി.
ആ ഇറക്കല്‍ ഒക്കനമായി
പരിണമിച്ചു.
ചതുരപ്പെട്ടിയുടെ
താക്കോല്‍ കീശയിലിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് പത്രോസ് തുറിച്ച് നോക്കി.
അല്പം വിയര്‍ത്ത് ഒരു
നിമിഷം പത്രോസ് ശങ്കിച്ച് നിന്നു .പിന്നെ ശബ്ദം ഉറവെടുത്ത ഭാഗത്തേക്ക്
നടന്നു.അതായത് എന്റെ അടുത്തേക്ക്.
ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചു.വലിയ രണ്ടു കാലുകള്‍ മേശക്ക്
സമീപം വന്നു നിന്നു.
കാലുകള്‍
വളഞ്ഞു.പത്രോസ് കുനിയുകയാണ്.
രണ്ടു കണ്ണുകള്‍,ഒരു വലിയ മൂക്ക് ,കട്ടിയില്ലാത്ത ഒരു മീശ,
രണ്ട്
പുരികങ്ങള്‍..
അവ എന്നെ തന്നെ
നോക്കുകയാണ്.
ശ്വാസം എന്റെ
അനുവാദമില്ലാതെ പുറത്തേക്കു പാഞ്ഞു.
"അപരാധി" പതുക്കെ
മേശയുടെ അടിയില്‍ നിന്ന് വെളിച്ചത്തിലേക്ക് പടര്‍ന്നു.
ഒരു ശരിയായ രൂപമായി
വെളിച്ചത്തില്‍ ആ കണ്ണുകള്‍ക്ക് മുന്‍പില്‍ നിന്നു .
"കുറ്റവാളിയെപ്പോലെ..തലകുനിച്ച്
നില്‍ക്കുകയാണ് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി..പത്രോസിനെ
നോക്കി."
എന്തും
പ്രതീക്ഷിക്കുന്ന രണ്ടു കണ്ണുകള്‍ എന്റെ മുഖത്ത് തെളിഞ്ഞു.
പത്രോസ് എന്നെയും ഞാന്‍ പത്രോസ്സിനെയും നോക്കി
ഒന്നുരണ്ടുമിനിട്ടായി നിശബ്ദം നില്‍ക്കുകയാണ്.നിശബ്ദത ഏറ്റവും വേഗത്തില്‍ ആശയം
കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒരു മാധ്യമം ആണെന്ന് അന്നെനിക്ക് മനസിലായി.ആ സുദീര്‍ഖമായ നിസബ്ദതക്ക് ശേഷം ,അന്നോളമില്ലാത്ത ഘന ഗംഭീരതയോടെ പത്രോസ്
ഒരു ശ്വാസമെടുത്തു.
അതിന്റെ ബലത്തില്‍
എന്നതുമാതിരി ചോദിച്ചു.
"കൊച്ചെന്നാ ഈ നേരത്ത്
പള്ളിപ്പറമ്പില്‍ ?"
എന്റെ ശബ്ദത്തെ
ഉമിനീര് വിഴുങ്ങി.എന്നെ അയാള്‍ എന്ത് ചെയ്യും എന്നോര്‍ത്ത് നടുങ്ങി.
"പേടിക്കണ്ട.ഞാന്‍
കൊച്ചിനെ പിടിച്ച് തിന്നുകയോന്നുമില്ല.പാതിരാക്ക് ഇവിടെന്ന പണി..?ആരേലും കൊച്ചിനെ എന്തേലും ചെയ്തോ..?അതോ വീട്ടിന്നു ഇറങ്ങി പോന്നതാണോ..?"
സ്നേഹമോ ദുര്‍ബലതയോ നമ്മുടെ എതിര്‍ വശത്തിന് കൂടി വരുമ്പോള്‍
നമ്മളിലേക്ക് ശക്തി നടന്നു കയറും.
അത് തന്നെ ഇവിടെയും
സംഭവിച്ചു.
എന്റെ ഉള്ളിലേക്ക്
ഒരു കാറ്റ് കയറി വന്നതുപോലെ.
എന്റെ ആത്മാവിലേക്ക്
ഒരു ചോദ്യം കയറി വന്നു.
എനിക്കെന്തെങ്കിലും
കാര്യമായി ചെയ്യാന്‍ കഴിയുന്നതിനും മുന്‍പേ..അത് വല്ലാത്തൊരു മുനയുമായി,പേടിപ്പെടുത്തുന്ന അലര്‍ച്ചയായി
പത്രോസിന്റെ കഴുത്തുകളെ ഞെക്കി പ്പിടിച്ചു..
"പത്രോസ് എന്തിനാ
ശവത്തിനെ കുത്തുന്നത്..? അതറിയാനാ ഞാന്‍ വന്നത്.."
അതൊരു ചോദ്യം തന്നെ
ആയിരുന്നു.എല്ലാ കൊച്ചു സംശയക്കരുടെയും പ്രതിനിധിയായി ചരിത്രത്തില്‍
നിന്നുകൊണ്ടാണ് ചോദിക്കുന്നത് എന്നൊരു ഭാവം എന്റെ മുഖത്ത് വിടര്‍ന്നിരുന്നു.
കാലഘട്ടത്തിന്റെ
നടുവിലൂടെ ചോദ്യം മണ്ണ് തുളച്ച് തന്റെ
അരികത്ത് ധാര്‍ഷ്ട്യത്തോടെ വന്നു നില്‍ക്കുന്നത് കണ്ടാകണം പത്രോസിന്റെ മുഖത്ത്
ആദ്യം എന്നെ കണ്ടപ്പോലുണ്ടായിരുന്ന അന്ധാളിപ്പ് മായ്ഞ്ഞു.
ചോദ്യം വളരെ ഗൌരവമാണ്
എന്ന കാര്യം താന്‍ മനസ്സിലാക്കിയതായി മറുപടി പറയാന്‍ ആരംഭിച്ച പത്രോസിന്റെ
മുരടനനക്കം വ്യക്തമാക്കി.
"
കുഞ്ഞേ..
നീ കഴിഞ്ഞ ദിവസം ആ ഇലഞ്ഞിയുടെ ചോട്ടിലൂടെ നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
വേദ പഠനം ക്ലാസ്സ്
ല്‍ അച്ഛനോട്" എല്ലാരേം ഒന്നുപോലെ കരുതണം ന്നു കര്‍ത്താവ്
പറഞ്ഞിട്ടുണ്ടല്ലോ.. പിന്നെന്താ എന്നെ അള്‍ത്താരയില്‍ കയറാന്‍ സമ്മതിക്കാത്തത് "എന്ന് ചോദിച്ചത് അച്ഛന്‍ സിസ്റ്റര്‍
നോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു.അപ്പോഴേ എനിക്കറിയാമായിരുന്നു കുഞ്ഞ് ഒരു മിടുക്കി കുട്ടിയാണ്
എന്നത്.ഉത്തരം ഞാന്‍ പറഞ്ഞു തരാം..പക്ഷെ അതിനുമുന്‍പ് എനിക്ക് കുഞ്ഞിനോട് ഒരു
കാര്യം ചോദിക്കാനുണ്ട്.."
സംസാരം ഒന്ന് നിര്‍ത്തി
ശ്വാസമെടുത്ത് എന്റെ നിറുകയില്‍ തൊട്ടുകൊണ്ട് പത്രോസ് ഇങ്ങനെയാണ് ചോദിച്ചത്.
"കുഞ്ഞ് കുഞ്ഞിന്റെ
അപ്പച്ചന്‍ ഔസേപ്പിനെ എന്താ വിളിക്കണത് ?"
തീരെ
പ്രതീക്ഷിക്കാത്ത ആ ചോദ്യത്തിന് ഞാന്‍ അമ്പരപ്പോടെ "അപ്പച്ചന്‍ ന്നാ..ഞാന്‍
അപ്പച്ചനെ വിളിക്കണത് "എന്ന് മറുപടി പറഞ്ഞു.
"ആഹ..എന്നിട്ടാണോ
എന്നെ പത്രോസ് എന്ന് പറയണത്..?ഉം..?കൊച്ചിന്റെ അപ്പച്ചനെ ഞാന്‍ എടുത്തോണ്ട്
നടന്നിട്ടുണ്ട്.ആ എന്നെയാണോ..ഉം..കൊച്ചിനെന്റെ കൊച്ചുമോള്‍ മീനേന്റെ പ്രായമല്ലേ ഉള്ളു..? ഉം...
ആരാ ഈ കുരുത്തക്കേട് പറഞ്ഞു തന്നത്..?"
പത്രോസ് വളരെ വേഗം
പത്രോസ് അപ്പച്ചനായി രൂപാന്തരപ്പെട്ടു.സ്കൂള്‍ ല്‍ ശ്രീദേവി ടീച്ചര്‍ തെറ്റ്
ചെയ്താല്‍ ക്ഷമ ചോദിക്കണ്ട രീതി പഠിപ്പിച്ചതുകൊണ്ട്..സമയം കളയാതെ ഇംഗ്ലീഷില്‍ 'sorry" ന്നുകൂടെ കൂട്ടിചേര്ത്ത് ഞാന്‍ തല
കുനിച്ചു .
"പോട്ടെ..ഇന്നത്തെക്കാലത്ത്
ആരാ ഇതെല്ലം പറഞ്ഞു തിരുത്താന്‍..?"എന്നത്മാഗതം ചെയ്ത്
പുഞ്ചിരിച്ച് എന്നെ കയ്കളില്‍ അപ്പച്ചന്‍ കോരിയെടുത്തു.
മുറിയുടെ അറ്റത്തേക്ക് നടന്നു മുന്പ്
പത്രോസ്സപ്പച്ചന്‍ തുറന്ന ചതുരപ്പെട്ടിയുടെ അടുതെത്തി.
എന്നെ താഴെ ഇറക്കി.
"കുഞ്ഞേ..ഈ ഭിത്തിയുടെ
അപ്പുറത്ത് ആഴമുള്ള ഒരു കിണറുണ്ട്.നമ്മുടെ പള്ളിടെ വല്ല്യ കിണറിനെ ക്കാള്‍
ആഴത്തില്‍..വലിപ്പത്തില്‍.ആ കിണര്‍ അതിന്റെ മുകള്‍ ഭാഗം സിമന്റ് കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.അതിനുമീതെ
മണ്ണിട്ടാണ് പള്ളിയിലേക്കുള്ള വഴി ശരിയാക്കി ഇരിക്കുന്നത്.നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍
വരുന്നത് ആ വഴിയിലൂടെ,കിണറിന്റെ മുകളില്‍
ചവിട്ടിയിട്ടാണ്.ആ കിണറിന്റെ ഒരു വശം ആണീ ഭിത്തി."
ഭിത്തിയില്‍ ഒരാള്‍ക്ക്
കയറിപ്പോകാന്‍ പാകത്തിന് കണ്ട അടച്ചിട്ടിരുന്ന ചതുരക്കള്ളികളിലേക്ക് വിരല്‍ ചൂണ്ടി
പത്രോസപ്പച്ചന്‍ പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്.
"ആ വലിയ കിണറിന്റെ
ഉള്ളിലേക്കാണ് ഈ കള്ളികളെല്ലാം അവസാനിക്കുന്നത്.മനസ്സിലാകുന്നുണ്ടോ..ഉം..?"
ഒരു പ്രപഞ്ചരഹസ്യം
അനാവരണം ചെയ്യുന്ന തീക്ഷ്ണതയോടെ ഞാന്‍ ആ വാക്കുകള്‍ക്കിടയിലൂടെ ആ കിണറിന്റെ ആഴവും
അതിലേക്ക് തുറന്നിരിക്കുന്ന വലിയ ചതുരപ്പെട്ടികളും കാണുകയായിരുന്നു.
"നമ്മുടെ പള്ളിയുടെ
സ്ഥലത്ത് അധികവും ബിസിനെസ്സ് സ്ഥാപനങ്ങള്‍ ആയതിനാല്‍ പാവപ്പെട്ട ,അതായത് പള്ളി സെമിത്തേരിയില്‍ പണം
കൊടുത്ത് കല്ലറ ക്ക് വേണ്ട സ്ഥലം വാങ്ങാന്‍ കഴിയാത്ത ആളുകളുടെ ശവമടക്കാന്‍
സ്ഥലമില്ലാതെ വിഷമിച്ചു.അന്നത്തെ അച്ഛന്‍ ഗീവര്‍ഗീസ് ആണ് പണമില്ലാത്തവരുടെ
ശവമടക്കാന്‍ ഇങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ചത്. "
ഒന്ന് നിര്‍ത്തിയതിനു
ശേഷം അല്പം കൂടെ ശബ്ദത്തില്‍ വീണ്ടും ബാക്കി പറയാന്‍ തുടങ്ങി.
"അല്ലേലും മരിച്ചാല്‍
പിന്നെ മണ്ണിനാണ് മനുഷ്യന്റെ അവകാശം.അതെങ്ങനെ ആയാലും മണ്ണില്‍ എത്തിച്ചാല്‍
മതിയല്ലോ.,, ആ അപ്പൊ ഞാന്‍ നിര്‍ത്തിയത്
എവിടെയായിരുന്നു...?..ഉം..ആ കിട്ടി..ഗീവര്‍ഗീസച്ചന്‍
പള്ളീന്റെ പൈസേം നാട്ടുകരുടെം പൈസേം ചേര്‍ത്ത് അങ്ങനെ . ഒരുപാട് പേരുടെ ശവമടക്കാന്‍ പറ്റുന്ന
രീതിയിലുള്ള ഈ പുതിയ സെമിത്തേരി ഉണ്ടാക്കി.മരിച്ച ആളുകളുടെ ശവം അവരുടെ പെട്ടികളില്‍ തന്നെ വെച്ച് ദാ ..ഈ ചതുരക്കള്ളികളില്‍
കയറ്റിവക്കും .അങ്ങനെ അടക്കിന്റെ ചടങ്ങ് കഴിച്ച് ആര്‍ക്കും വേണ്ടാത്ത ശരീരങ്ങളെ
ഇവിടെ ഉപേക്ഷിച്ച് ബന്ധുക്കള്‍ യാത്രയാകും."
എന്റെ ജിക്ഞാസ ഒരു
ചോദ്യമായി പുറത്തേക്ക് ചാടി.
"അപ്പൊ
അപ്പച്ചനെന്തിനാ ഇവിടെ വന്നത് ഇപ്പൊ..?"
പത്രോസപ്പച്ചന്‍ തുടര്‍ന്നു .
"പറഞ്ഞു തീര്‍ന്നില്ല..ആ..ഇവടെ
15 ചതുരക്കള്ളികള്‍ ഉണ്ട്.15 അടക്ക് കഴിഞ്ഞു
പുതിയതായി മരിച്ച ആള്‍ വരുമ്പോള്‍ അയാളെ അടക്കണമെങ്കില്‍ പണ്ട് മരിച്ച ഒരാളെ ഈ
കിണറിന്റെ ഉള്ളിലേക്ക് തള്ളിയിടണം.എന്നിട്ട് ഈ പുതിയ ആളെ അവിടെ
വെക്കാം.പക്ഷെ..ആരാണ്..ആ ക്രൂരകൃത്യം ചെയ്യുക..?നമ്മുടെ
പ്രീയപ്പെട്ടവരെ ആര്‍ക്കാണ് ഈ അഗാധതയിലേക്ക് തള്ളിയിടാന്‍ ധൈര്യമുള്ളത്..?ആര്‍ക്കും ഉണ്ടായിരുന്നില്ല.പക്ഷെ
ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞു പത്താമത്തെ ദിവസം
എന്റെ
അപ്പച്ചന്‍ മരിച്ചു .വല്യ സെമിത്തെരീല്‍ കല്ലറ വാങ്ങാന്‍ 10000 ക കെട്ടണം.അതില്ലായിരുന്നു.അതുകൊണ്ട്
അപ്പച്ചനെ എനിക്ക് ഇവിടെ അടക്കേണ്ടി വന്നു.ഒരു പാട് ദിവസം ശവം അറേല്‍ വെച്ചാല്‍
അതില്‍ നിന്നൊഴുകുന്ന എണ്ണയും വെള്ളവും ദുര്‍ഗന്ധം ഉണ്ടാക്കും.അതുകൊണ്ട് അപ്പച്ചനെ
താഴേക്ക് തള്ളിയിടാന്‍ എന്നോട് അച്ഛന്‍ പറഞ്ഞു.അച്ഛന്‍ പറഞ്ഞാല്‍ എതിര് പറയാന്‍
അന്നാര്‍ക്കും ധൈര്യമില്ല.എനിക്കത് ചെയ്യേണ്ടി വന്നു.ഒരു വല്യ ഇരുംബ് കോലുകൊണ്ട്
അപ്പന്റെ ശവം ഈ കിണറിലേക്ക് ഞാന്‍....പിന്നെ പിന്നെ ആളുകള്‍ പലര്‍ക്കും എന്റെ
ആവിശ്യം വന്നു.അങ്ങനെ അങ്ങനെ ഞാന്‍ ഈ പണി സ്ഥിരമായി ചെയ്യാന്‍ തുടങ്ങി.അതുകൊണ്ട്
പലരും എന്നെ ശവം കുത്തിയെന്ന് പറയും.സത്യത്തില്‍ ഞാന്‍ ആര്‍ക്കും ഒരു ദ്രോഹോം
ചെയ്യണില്ല .പിന്നെ.....ആളുകള്‍..അവരങ്ങനെ ആണ്.നമുക്കെന്ത് ചെയ്യനോക്കും..?"
ഒന്ന് ദീര്‍ക്കമായി നിശ്വസിച്ച് എന്റെ
പ്രതികരണത്തിന് കാത്തുനില്‍ക്കാതെ അപ്പച്ചന്‍ ചതുരക്കള്ളികളില്‍ ഒന്ന്
തുറന്നു.ഒരു വലിയ ഇരുമ്പ് വടി ഉപയോടിച്ച് അതിനുള്ളിലെ ശവപ്പെട്ടി കുത്തി കിണറില്‍
ഇട്ടു.ഞാന്‍ എന്റെ കണ്ണുകള്‍ അടച്ച് പിടിച്ചു.ദൂരെ ദൂരെ എന്തോ പോയി വീഴുന്ന ശബ്ദം
പള്ളിയെ ആകെ പ്രകമ്പനം കൊള്ളിച്ചു.കണ്ണടച്ച് വിറച്ചിരുന്ന എന്നെ പതുക്കെ ചേര്‍ത്ത്
പിടിച്ചുകൊണ്ട് അപ്പച്ചന്‍ എന്നോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.
"
ഇന്നാണ്
ആ ആത്മാവിനു മോക്ഷം കിട്ടിയത്.മണ്ണിനോട് എന്ന് ചേരുന്നോ അന്നാണ് ഒരു മനുഷ്യന്റെ
മുന്‍പില്‍ സ്വര്‍ഗവാതില്‍ തുറക്കപ്പെടുന്ന ദിവസം.നാം ഇന്ന് വേണം പ്രാര്‍ത്ഥിക്കാന്‍.കാരണം
പ്രാര്‍ത്ഥിക്കാന്‍ നാം മറന്നാല്‍ ഉപേക്ഷിക്കപ്പെട്ട ആ ആത്മാവിനു അവിടത്തെ
വാതിലിനു മുന്‍പില്‍ കാത്ത് നില്‍കേണ്ടി വരും."
ആ വാക്കുകള്‍
ഹൃദയത്തില്‍ സ്വീകരിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചുു .
"ഈ ആത്മാവിനുമുന്പില്‍
കര്‍ത്താവേ നീ സ്വര്‍ഗത്തിന്റെ വാതില്‍ തുറക്കേണമേ ."
എന്നെ എടുത്ത്
പള്ളീടെ ആ മുറിയില്‍ നിന്ന് പുറത്തിറങ്ങി ഷട്ടര്‍ അടച്ച് പത്രോസ്സപ്പച്ചന്‍ എന്റെ
വീടിന്റെ നേരെ നടന്നു.അപ്പോഴേക്കും നേരം പുലര്‍ന്നു തുടങ്ങിയിരുന്നു.
"അയ്യോ...അപ്പച്ചന്‍
പശൂനെ കറക്കാന്‍ ഇപ്പൊ എണീക്കും.എന്നെ ചിലപ്പോ തല്ലും..."
ഞാന്‍ കരയാന്‍
തുടങ്ങി..
"അയ്യേ...കരയാതെ..ഇപ്രാവിശ്യം..ഇത്
സാരല്യ..ഇനി ഇങ്ങനെ ചെയ്യില്‍ ന്നു പറഞ്ഞാല്‍ മതി അപ്പച്ചനോട് ..ട്ടോ.."
എന്ന്
പത്രോസ്സപ്പച്ചന്‍ പറയുമ്പോള്‍ ഞങ്ങള്‍ വീടിന്റെ മുന്‍പില്‍ എത്തിയിരുന്നു.അപ്പച്ചന്‍
തിടുക്കതെങ്ങോട്ടോ പോകാന്‍ പോവുന്ന പോലെ തോന്നി.ഞാന്‍ പത്രോസ്സപ്പന്റെ മേത്ത് ന്നു
ഊര്‍ന്നിറങ്ങി ഓടിപ്പോയി അപ്പച്ചനെ കെട്ടിപ്പിടിച്ചു.
അപ്പന്റെ മുഖത്ത് ഒരു
ആലോചന മിന്നിതെളിയുന്നു.
"പേടിച്ച്
പോയല്ലോ..അന്നക്കൊച്ചേ.. ഇങ്ങനെ പറയാണ്ട് എവിടേം പോവരുത് ന്നു അപ്പച്ചി കൊച്ചിനോട്
പറയാറില്ലേ..?"
അപ്പച്ചന്റെ കണ്ണില്‍
കണ്ണുനീര് പൊടിയാന്‍ തുടങ്ങുന്നുണ്ടായിരുന്നു.
"അപ്പാച്ചെ.."ഞാന്‍
അപ്പച്ചന്റെ കണ്ണില്‍ വന്ന കണ്ണീരു തുടച്ചിട്ട്..ഇങ്ങനെ പറഞ്ഞു..
"ഇനി അന്നക്കൊച്ച്
എവിടേം പോവുലാലോ.."
ചെറിയൊരു തേങ്ങലോടെ
അപ്പച്ചന്റെ തോളിലേക്ക് ഞാന്‍ ചാഞ്ഞുകിടന്നു .
അപ്പൊ വഴിയില്‍
നിന്ന് ഇതെല്ലം നോക്കി നിന്ന പത്രോസ്സപ്പച്ചന്‍ " ഔസേപ്പേ..എനിക്കൊരു
മരിച്ചടത്ത് പോണം..കൊച്ച് കാര്യൊക്കെ പറയും..നീയതിനെ തല്ലുവോന്നും വേണ്ട..ട്ടോ..നമുക്ക്
വയ്കിട്ടുകാണം ."എന്ന് പറഞ്ഞു ഇടവഴിയിലേക്ക് ഇറങ്ങി മറഞ്ഞു.
തോളത്ത് കിടത്തി എന്നേം കൊണ്ട്
വരുന്ന അപ്പച്ചനോട് അമ്മച്ചി എന്തോ ചോദിയ്ക്കാന്‍ തുടങ്ങി.അപ്പോളേക്കും അപ്പച്ചന്‍
അമ്മച്ചീനെ തടഞ്ഞു കൊണ്ട്,എന്നെതോളില്‍ നിന്ന്
മാറ്റാതെ
,നീയിപ്പം
കൊച്ചിനോടോന്നും ചോദിക്കണ്ട..എവിടാ പോയത് ന്നു അവള്‍ പറയും.ഇപ്പൊ അതിനു ഏതാണ്ട്
സങ്കടം ഉണ്ട്..എന്ന് പറഞ്ഞു.
പിറ്റേ ഞായറാഴ്ച്ച
പള്ളീല്‍ വെച്ച് ഞാന്‍ പത്രോസപ്പച്ചനെ കണ്ടു.സാറയും എന്റെ കൂടെ ഉണ്ടായിരുന്നു.സാറ
എന്റെ ചെവിയില്‍ അപ്പച്ചനെ നോക്കികൊണ്ട് "ഭീകരന്‍.." എന്ന് പറഞ്ഞുകൊണ്ട്
കൊന്തേല്‍ മുറുക്കെ പിടിച്ചു.അപ്പൊ അവളുടെ കയ് കൊന്തയില്‍ നിന്ന് വിടീച്ച് ഞാന്‍
ചിരിച്ചുു .എന്നിട്ട് രഹസ്യം എന്ന പോലെ
"പത്രോസ്സപ്പച്ചന്‍"എന്ന് പറഞ്ഞു.
.
.
.
.
.
.
.
"സമയം പാതിരാത്രി
ആയി...വല്ലോം കഴിച്ചിട്ട് എനിക്ക് കിടക്കാനുള്ളതാ..ഒന്നെല്ലാവരും വരുമോ..?"
ഓ...അമ്മച്ചിയാണ്..
സമയം എന്തായോ
ആവോ...മഴയത്ത് നോക്കിയിരുന്നു സമയം
പോയത് അറിഞ്ഞേയില്ല.
"നീ ഒന്നെണീറ്റ് വരുന്നുണ്ടോ..?"
അമ്മച്ചിക്ക് ദേഷ്യം
വന്നു തുടങ്ങി.
ജനാല അടച്ച് ,കസേര പിന്നോട്ട് നീക്കി,ഞാന്‍ ഡൈനിങ്ങ് ഹാളിലേക്ക് മനസ്സില്ലാ
മനസ്സോടെ നടന്നു.
(അവസാനിച്ചു...പിന്നെ ഒരുകാര്യം..കൂട്ടുകാര്‍ക്ക് ആര്‍ക്കേലും ഈ കഥ മുഴുവന്‍ വായിക്കണേല്‍ ദാ ..ഈ ലിങ്കില്‍
പോയാല്‍ മതി.kadhakalparayan.blogspot.com)